ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം. അഞ്ച് ദിവസം നീണ്ട അനിയന്ത്രിതമായ തിരക്കിനൊടുവിലാണ് സ്ഥിതി സാധാരണ ഗതിയിലേക്കെത്തുന്നത്. നിലയ്ക്കലിലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ഗതാഗത കുരുക്കിനും ശമനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 88,000 പേരാണ് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്.
പതിനെട്ടാം പടിയിലൂടെ മണിക്കൂറില്‍ 4,000ല്‍ അധികം തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ തുടങ്ങിയതോടെയാണ് ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ന്നത്. എന്നാല്‍ സ്‌പോട്ട് ബുക്കിംഗ് ഉള്‍പ്പെടെ 1,20,000 തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇത്രയധികം ആളുകളെ ഒരേ സമയം മലകയറാന്‍ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് പൊലീസ് നിലപാട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിറുത്തിയാണ് പൊലീസ് പമ്പ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശരണപാതയില്‍ നിലവില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും പമ്പ വരെയുള്ള പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് തുടരുന്നുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
നിലവിലെ ശബരിമലയിലെ സ്ഥിതി ഗതികളും സര്‍ക്കാര്‍ സ്വീകരിച്ച സംവിധാനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം. തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തിരക്കിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരിക്കും. നിലയ്ക്കലിലെ പാര്‍ക്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങളും കോടതി പരിഗണിക്കും. ഉച്ച കഴിഞ്ഞ് 2ന് ആണ് കോടതി കേസ് പരിഗണിക്കുക.