പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. മാളികപ്പുറം ക്ഷേത്ര നട മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി തുറക്കും. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഇല്ല.
നാളെ രാവിലെ പുലർച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പിന്നാലെ നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30-ന് മണ്ഡപത്തിൽ മഹാഗണപതിഹോമം നടക്കും. ഇതിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30-ന് ഉഷപൂജ കഴിഞ്ഞതിന് ശേഷം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 7 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഉള്ളത്. 12 പേർ മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്നും എത്തുന്ന വൈദേഹും, നിരുപമ ജി വർമ്മയുമാകും മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. ഈ മാസം 22 വരെ ശബരിമല ദർശനം നടത്താം .