മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. ആഴിയിൽ അഗ്നി പകരുന്നതോടെ തീർഥാടകർക്ക് ദർശനം ചെയ്യാം. മണ്ഡലപൂജകൾക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്.
അതേസമയം മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. തീർഥാടകർക്ക് ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതൽ വെളിച്ചവും വലിയ നടപ്പന്തലിൽ കുടുതൽ ഫാനും സജ്ജമാക്കി.