ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പദ്ധതിക്ക് നാളെ തുടക്കം.തുടക്കത്തില്‍ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബര്‍ 30 മുതല്‍ സന്നിധാനത്തെ 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്ബോള്‍ അയ്യപ്പഭക്തര്‍ക്ക് ഈ കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമകുന്ന തരത്തിലുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി 15 ഇടങ്ങളിലാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും. 100 എംബിപിഎസ് ആണ് വേഗത. ആദ്യ അരമണിക്കൂര്‍ സൗജന്യമായി ഉപയോഗിക്കാം. തുടര്‍ന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കില്‍ ഈടാക്കും.
ഒരു സിമ്മില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ സൗജന്യം എന്ന നിലയിലാണ് വൈഫൈ സൗകര്യമൊരുക്കുന്നത്. നടപ്പന്തല്‍, താമസ കേന്ദ്രങ്ങള്‍, ആശുപത്രി തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വൈഫൈ സൗകര്യമൊരുക്കും. കാനന ക്ഷേത്രമെന്ന നിലയില്‍ പരിമിതിയുണ്ടെങ്കിലും ദിവസവും ഒരുലക്ഷത്തോളം ജനങ്ങള്‍ എത്തുന്ന ഇടമെന്ന നിലയില്‍ ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങള്‍ ഭക്തര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡ് നടപടിയെന്നു പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.