കൊച്ചി: പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേയ്ക്കും തിരിച്ചുമുള്ള ഡോളിചാര്‍ജില്‍ ഭീമമായ വര്‍ദ്ധനവ് വരുത്തുവാനുളള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയി തിരിച്ചുവരുന്നതിന് ഒരു ഡോളിക്കുള്ള ചാര്‍ജ് നിലവില്‍ 6000 രൂപയും, ദേവസ്വം ബോര്‍ഡിനു നല്‍കേണ്ട ഡോളി ഫീസ് 500 രൂപയുമാണ്. ഇതിനു പുറമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഡോളിക്കാര്‍ക്ക് ചായക്കാശു കൂടി നല്‍കണം. പുതിയ തീരുമാനപ്രകാരം രണ്ടു സൈഡിലേക്കും കൂടി പോയി വരുന്നതിന് 8000 രൂപയും ദേവസ്വം ഫീസ് 500 രൂപയും ചേര്‍ത്ത് 8500 രൂപയാവും. ദേവസ്വം ബോര്‍ഡ് ഡോളിക്കാരില്‍ നിന്നും ഫീസ് പിരിക്കുന്നതും നിര്‍ത്തലാക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പണ്ട് കാലങ്ങളില്‍ ഡോളി ദേവസ്വം ബോര്‍ഡ് തന്നെയാണ് നല്‍കിയിരുന്നത്. ഓരോ വര്‍ഷവും സീസണ്‍ തുടങ്ങും മുമ്പ് ഡോളികളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നതും ബോര്‍ഡിന്റെ ഉത്തരവാദിത്വമായിരുന്നു. അന്ന് ഡോളികളുടെ വാടക എന്ന ഇനത്തിലാണ് ദേവസ്വം ബോര്‍ഡ് ഫീസ് പിരിച്ചിരുന്നത്.ഇന്ന് ദേവസ്വം ബോര്‍ഡ് ആര്‍ക്കും ഡോളി വാങ്ങിനല്‍കുന്നില്ല.ഓരോ ഡോളിക്കാരും സ്വന്തം പണം കൊടുത്തു വാങ്ങിയ ഡോളിയാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്. പ്രായമായവര്‍ക്കും , അംഗപരിമിതര്‍ക്കും രോഗികള്‍ക്കും സൗജന്യ ഡോളി സര്‍വ്വീസ് ഏര്‍പ്പെടുത്തേണ്ട ദേവസ്വം ബോര്‍ഡ് ഓരോ ട്രിപ്പിനും 500 രൂപ വീതം നോക്കു കൂലി വാങ്ങുന്നത് അന്യായമാണെന്നും അത് അവസാനിപ്പിച്ച് അയ്യപ്പഭക്തരുടെ മേലുള്ള അധികബാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.