ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. യാതൊരു തെളിവുകളുമില്ലാതെയാണ് ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യമാണ്. ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ലണ്ടനിൽ മാദ്ധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് കാനഡ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് എസ് ജയ്ശങ്കർ വ്യക്തമാക്കിയത്. ഒരു രാജ്യത്തിനെതിരെ ഉത്തരവാദപ്പെട്ട മറ്റൊരു രാജ്യം ആരോപണം ഉന്നയിക്കുമ്പോൾ അതിനെ സാധൂകരിക്കാൻ വ്യക്തമായ തെളിവ് നൽകാൻ അവർ തയ്യാറാകണം. ഖാലിസ്ഥാൻ ഭീകരവാദിയുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം തെളിയിക്കാൻ കാനഡക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യക്ക് പ്രസ്തുത സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജയ്ശങ്കർ പറഞ്ഞു.