-ശ്രീധരൻ കടലായിൽ
സ്വന്തം ജന്മദിനം കൂടിയായ സ്വാതന്ത്ര്യ ദിനത്തിൽ അൻപത് കിലോമീറ്റർ ഓടി അൻപതാം പിറന്നാൾ അവിസ്‌മരണീയമാക്കി റോബിൻ. പാണിയേലി പോരിലേക്ക് ഉല്ലാസ യാത്ര പോയ പഴയ പത്താം ക്ലാസ്സ് കൂട്ടുകാരോട് ഒപ്പം ചേരാനാണ് റോബിൻ ഓടിയെത്തിയത്.ത്രിവർണ്ണ ജേഴ്‌സി അണിഞ്ഞായിരുന്നു ഓട്ടം.
രാവിലെ 3.45 ന് മാള പള്ളിപ്പുറം പള്ളിയിൽ നിന്ന് ആണ് ഓട്ടം ആരംഭിച്ചത് 10.50ന് 53 കിലോമീറ്റർ ദൂരെയുള്ള ഉല്ലാസകേന്ദ്രത്തിൽ എത്തി കൂട്ടുകാർക്കൊപ്പം ചേർന്നു. പത്താം ക്ലാസ്സിലെ സഹപാഠികൾ കേക്ക് മുറിച്ചാണ് കൂട്ടുകാരന്റെ പിറന്നാളും സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചത്. കൂട്ടുകാർക്കൊപ്പം വാഹനത്തിലായിരുന്നു മടക്കം.
മാളപള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ സ്വാതന്ത്ര്യത്തിന്റെ 75 ാം വാ ർഷികത്തിന് 75 കിലോമീറ്റർ ഓടി ശ്രദ്ധ നേടിയിരുന്നു.ഇതിന് ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ പ്രത്യേക ആദരം ലഭിച്ചിരുന്നു.
സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ 10000 മീറ്റർ 5000 മീറ്റർ എന്നിവയിലും റിലേയിലും മെഡലുകൾ നേടിയിട്ടുണ്ട് ഈ ദീർഘ ദൂര ഓട്ടക്കാരൻ.സംസ്ഥാന സിവിൽ സർവീസ് മേളയിലും മൂന്ന് വർഷമായി ജേതാവാണ്. സംസ്ഥാനത്തെ വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച ദീർഘ ദൂര ഓട്ട മൽസരങ്ങളിലും സമ്മാനം കരസ്ഥ മാക്കിയിട്ടുണ്ട്.40 വയസ്സിന് ശേഷമാണ് ഓട്ടത്തിൽ സജീവമാകുന്നത്.
മാളപള്ളിപ്പുറത്തെ പള്ളിയിൽ നിന്നും നാൽപതും അൻപതും കിലോമീറ്റർ ദൂരെയുള്ള പള്ളികളിലേക്ക് ഓടി എത്തി പ്രാർത്ഥന നടത്തി കൊണ്ടായിരുന്നു തുടക്കം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ധന വകുപ്പിൽ ജോലി ചെയ്യുകയാണ് റോബിൻ.