കുമരകം: കുമരകം ബോട്ട് ജെട്ടിക്ക് സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ ഉടമയായ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി കിഴക്കേ കരീത്തറ വീട്ടിൽ സാബു (51) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് കുമരകം ബോട്ട്ജെട്ടിയുടെ സമീപത്തുള്ള ചിത്രശാല ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിലെത്തി ഉടമയായ ഗീതമ്മയുടെ (60) മാല തട്ടിപ്പറിക്കാൻ ശ്രമിക്കുകയും, വീട്ടമ്മ എതിർത്തതിനെ തുടർന്ന് ഇവരെ ആക്രമിച്ച് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫ്, എസ്.ഐ മാരായ ബിനു ജേക്കബ്, സുനിൽ, സി.പി.ഓ മാരായ ഷൈജു, അനിൽകുമാർ,രാജു, ഡെന്നി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.