പാലക്കാട് കണ്ണമ്പ്ര ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരുക്കേറ്റു. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്. സമീപത്ത് വീടിന്‍റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ശേഷം ബസ് കാത്ത് പുളിങ്കൂട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് നിന്നവർക്കിടയിലേക്കാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തിൽ, എംസി റോഡിൽ മിത്രപുരം നാൽപതിനായിരം പടിയിൽ നടന്ന അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. അടൂർ പതിനാലാം മൈൽ സ്വദേശികൾ ആയ അമൽ (20) നിശാന്ത് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് ടൂറിസ്റ്റ് ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 1 മണിയോട് കൂടിയാണ് അപകടം നടന്നത്.
അടൂർ ചെന്നമ്പള്ളിയിൽ ഉള്ള സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് അമലും നിഷാന്തും . സ്ഥാപനം അടച്ചതിനു ശേഷം പെട്രോൾ അടിക്കാൻ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാൾ ആശുപത്രിയിൽ എത്തിയതിനു ശേഷവും ആണ് മരിച്ചത്.