വടകര: 9 വർഷം മുൻപ് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉൾപ്പെടെ 12 പേർ നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയിൽ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ വകുപ്പിന് വേണ്ടി പോസ്റ്റ് മാസ്റ്റർ കെ.രാജൻ നൽകിയ ഹർജിയിലെ വിധിയിലാണ് സബ് ജഡ്ജി ജോജി തോമസ് മുൻപാകെ തുക അടച്ചത്.
തുക അടയ്‍ക്കുന്നത് വൈകിയതിനാൽ പലിശയും കോടതി ചെലവും ചേർത്താണ് തുക ഈടാക്കിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ച കേസിൽ 2014 മാർച്ച് 31നാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പ് ഗ്രേയ്സിൽ പി.എ.മുഹമ്മദ് റിയാസ് (42) ഒന്നാം പ്രതിയായ കേസിൽ 12 പേർ പ്രതികളായിരുന്നു.