ജിദ്ദ: എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിന്റെ ബഹുമതി റിയാദ് നഗരം സ്വന്തമാക്കി. ബന്ധപ്പെട്ട രാജ്യങ്ങളുടെ ഇലക്ട്രോണിക് വോട്ടിംഗ് അവസാനിച്ചതിന് ശേഷം, ചൊവ്വാഴ്ച വൈകുന്നേരം പാരീസിൽ നടന്ന പ്രഖ്യാപനത്തോടെയാണ് ഇക്കാര്യം സ്ഥിരപ്പെട്ടത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള വിഷൻ 2030 ന്റെ പരിസമാപ്തി കൂടിയാണ് എക്സ്പോ 2030 നടത്താനുള്ള സൗദി തലസ്ഥാന നഗരത്തിന്റെ വിജയം ചൂടിയ അർഹത. 2034 ൽ ഫിഫ ലോകകപ്പ് ഫൈനൽ റൌണ്ട് മത്സരങ്ങളുടെ ആതിഥേയ രാജ്യമായി ഏതാനും ദിവസങ്ങൾക്ക് മുമ്പായി സൗദി അറേബ്യക്ക് ലഭിച്ച ബഹുമതിയ്ക്ക് ശേഷം മറ്റൊരു ശ്രദ്ധേയമായ രാജ്യാന്തര പദവി കൂടി ലഭിച്ചതോടെ രാജ്യം അഭിമാനപുളകിതയാവുകയാണ്.
എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിന്റെ ബഹുമതി റിയാദ് നഗരം നേടിയെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, തലസ്ഥാനത്തിന്റെ ആകാശം, പ്രത്യേകിച്ച് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ നിന്ന് പടക്കങ്ങളും കരിമരുന്നു ശോഭയും കൊണ്ട് മിന്നിത്തിളങ്ങി. രാജ്യാന്തര സംഭവങ്ങൾ സംഘടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ കഴിവിലുള്ള ലോകത്തിന്റെ വിശ്വാസവും അംഗീകാരവും കൂടിയാണ് ലോകകപ്പ്, എക്സ്പോ ലബ്‌ധി.
എക്‌സ്‌പോ 2030-ന്റെ ആതിഥേയ നഗരത്തെ നിർണ്ണയിക്കുന്ന 170 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് വോട്ടെടുപ്പ് നടന്നത്.