പുസ്തക പ്രകാശനത്തിന് റിപ്പർ ജയാനന്ദന് പരോൾ

Breaking Kerala

കൊച്ചി: റിപ്പര്‍ ജയാനന്ദന്‍ വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവേ എഴുതിയ ‘പുലരി വിരിയും മുമ്പേ’യെന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചു. പൊലീസ് സംരക്ഷണത്തോടെയാണ് ഹൈക്കോടതി രണ്ടു ദിവസത്തെ പരോള്‍ അനുവദിച്ചത്. ഭാര്യ ഇന്ദിര, മകള്‍ അഡ്വ. കീര്‍ത്തി ജയാനന്ദന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്. അഞ്ചു കൊലപാതകക്കേസുകളില്‍ പ്രതിയായ അച്ഛന് പരോള്‍ ലഭിക്കാന്‍ വേണ്ടി മകള്‍ നടത്തിയ നിയമ പോരാട്ടത്തെ കോടതി അഭിനന്ദിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ ‘സൂര്യനായി തഴുകി ഉറക്കം ഉണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം’ എന്ന ഗാനവും വിധിന്യായത്തില്‍ ചേര്‍ത്താണ് കോടതി ഉത്തരവ്. ഡിസംബര്‍ 23 ന് രാവിലെ പത്തരയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങില്‍ സുനില്‍. പി. ഇളയിടം പുസ്തകം പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന് ജയില്‍ ഡിജിപിയുടെ അനുമതിയുണ്ടെന്നും ജയാനന്ദന് രണ്ടു ദിവസത്തെ പരോള്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരി ആവശ്യപ്പെട്ടത്.

അഞ്ചു കൊലക്കേസുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ ജയാനന്ദന്‍ 17 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. മൂന്ന് കൊലക്കേസുകളില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. പതിനേഴു വര്‍ഷത്തെ ജയില്‍ ജീവിതം ഏറെ മാറ്റിയെന്നും നോവലും കഥയുമൊക്കെ ഈ പരിവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാരി വാദിച്ചു.
‘പുലരി വിരിയും മുമ്പേ’ എന്ന നോവല്‍ പുസ്തക വായനയിലൂടെ മാനസാന്തരം വന്ന വ്യക്തിയുടെ കഥയാണെന്നും ഹര്‍ജിക്കാരി വിശദീകരിച്ചു. നേരത്തെ മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയാനന്ദന് പരോള്‍ അനുവദിച്ചിരുന്നു. രാവിലെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുപ്പിച്ചശേഷം ഇയാളെ വിയ്യൂര്‍ ജയിലില്‍ തിരിച്ചെത്തിക്കണം. ജയാനന്ദനെ തിരികെ ജയിലില്‍ എത്തിക്കുമെന്ന് ഹര്‍ജിക്കാരിയും മകളും ജയില്‍ സൂപ്രണ്ടിന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *