ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ റവന്യൂ ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയിലായി. തിരുവനന്തപുരം കോര്‍പ്പറേഷൻ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടര്‍ അരുണ്‍കുമാറിനെ 2000 രൂപ കൈക്കൂലി പണവുമായി ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ആറ്റിപ്ര കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനക്കായി എത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുണ്‍കുമാര്‍ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോള്‍ നടപടികള്‍ ത്വരിതഗതിയിലാക്കുന്നതിന് 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുകയുമായി ഇന്ന് ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 03:30 ഓടെ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങവേ ഓഫീസറെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയില്‍ നിന്നും കണക്കില്‍ പെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.