റിസോര്‍ട്ടിലെ കുളത്തില്‍ മക്കള്‍ മുങ്ങിമരിച്ച സംഭവം; മാതാപിതാക്കള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം

Breaking Kerala

കൊച്ചി: റിസോര്‍ട്ടിലെ കുളത്തില്‍ മക്കള്‍ മുങ്ങി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. സാഹസിക വിനോദസഞ്ചാര റിസോര്‍ട്ടിലെ സുരക്ഷാ വീഴ്ച കാരണമാണ് ദമ്പതികളുടെ രണ്ടു മക്കളും മരിക്കാനിടയായത്. 1.99 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി വിധിച്ചത്.
മഹാരാഷ്ട്രയിലെ പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്. കോടതി ചെലവിനത്തില്‍ 20,000 രൂപയും അധികം നല്‍കണം. തുക കൈമാറാന്‍ ഒരുമാസത്തെ സാവകാശമാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അനുവദിച്ചത്.
എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ പി.വി. പ്രകാശന്‍, ഭാര്യ വനജ എന്നിവരുടെ ഹര്‍ജിയിലാണു ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവ്.
2020 ഒക്ടോബറിലാണ് സംഭവം. ഹര്‍ജിക്കാരുടെ മക്കളായ മിഥുന്‍ (30), നിതിന്‍ (24) എന്നിവര്‍ പുനെയിലെ കരന്തിവാലി അഡ്വഞ്ചര്‍ ആന്‍ഡ് അഗ്രോ ടൂറിസം റിസോര്‍ട്ടിലെ കുളത്തില്‍ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. മക്കളെ വളരെ ചെറിയ പ്രായത്തില്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയ്ക്കു നഷ്ടപരിഹാരത്തുക പരിഹാരമല്ലെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പിഴ ചുമത്തുന്നതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പുനെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *