നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ ഷെയര്‍ ചെയ്ത അക്കൗണ്ടിന്റെ യുആര്‍എല്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ മെറ്റയ്ക്ക് കത്തെഴുതുകയും നവംബര്‍ 10ന് അജ്ഞാതര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഡീപ്‌ഫേക്ക് വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ സൃഷ്ടിച്ചതാണ്. യഥാര്‍ത്ഥ ചിത്രത്തിലോ വീഡിയോയിലോ ഒരാളുടെ രൂപം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് മാറ്റുന്നു.
നീണ്ട അന്വേഷണം നടത്തിയിട്ടും ആരോപിക്കപ്പെടുന്ന പ്രതിയെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രതി ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നശിപ്പിക്കുകയും ചെയ്തു. ഈ അക്കൗണ്ടിനായി പ്രതികള്‍ വ്യാജ ഐഡന്റിറ്റിയും വിപിഎന്‍ ഉപയോഗിച്ചുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.
വീഡിയോ ഷെയര്‍ ചെയ്ത വ്യക്തികളെ സൈബര്‍ സെല്‍ ചോദ്യം ചെയ്തു. എന്നാല്‍ ഡീപ്‌ഫേക്ക് വീഡിയോയുടെ സ്രഷ്ടാവിനെക്കുറിച്ച് ഒരു സൂചനയും ഇതുവരെ കണ്ടെത്തിയിട്ടില്ല. എക്സ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ പങ്കുവെച്ച വ്യക്തികളെയാണ് ചോദ്യം ചെയ്തത്. ഡീപ് ഫേക്ക് കേസുകളുടെ അന്വേഷണത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള സഹകരണം നിര്‍ണായകമാണെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഈ പ്ലാറ്റ്ഫോമുകള്‍ സര്‍ക്കാരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ട്, എന്നാല്‍ പോലീസ് അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു വിദഗ്ധ സംഘം സാങ്കേതിക വിശകലനത്തിലൂടെ അവ പരിശോധിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് പറഞ്ഞിരുന്നു.
‘കേസില്‍ സാങ്കേതിക വിശകലനത്തിന്റെ ഭാഗമായി, വീഡിയോ അപ്ലോഡ് ചെയ്ത എല്ലാ ഐപി വിലാസങ്ങളും ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയും വീഡിയോ ആദ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വിലാസം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.’- ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. സംഭവത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.