കാസർകോട് : സംസ്ഥാനത്തെ കലാലയങ്ങളില്‍ വിദ്യാർത്ഥികള്‍ക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.സംസ്ഥാന കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയാട്ട് സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ കബഡി ചാമ്ബ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . വിദ്യാർഥികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ കായിക അധ്യാപകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം മുതല്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ നിലവില്‍ വരുമ്ബോള്‍ സ്കില്‍ കോഴ്സുകള്‍ക്ക് ക്രെഡിറ്റ് മാർക്ക് നല്‍കും. വിദ്യാർത്ഥികളുടെ കായിക മികവുകളെ സ്കില്ലില്‍ ഉള്‍പ്പെടുത്തും. കായിക പരിശീലനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് ഗ്രേസ് മാർക്കിന് പുറമെ സ്കില്ലിൻ്റെ ഭാഗമായി ലഭിക്കുന്ന ക്രെഡിറ്റ് നേടാനാവും. ഇത് വിദ്യാർത്ഥികള്‍ക്ക് ഹാജർ നഷ്ടപ്പെടാതിരിക്കാൻ സഹായകരമാകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.