കോട്ടയം . മാതൃഭൂമി കുമരകം റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) കോട്ടയം ജില്ലാ സെക്രട്ടറിയുമായ എസ് ഡി റാമിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് കെ ജെ യു ജില്ലാകമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസ് ജീവനക്കാരുടെ വേതനം സംബന്ധിച്ച് ബസ് ഉടമയുമായി സി ഐ റ്റി യു യൂണിയൻ തർക്കമുണ്ടാകുകയും തൊഴിലാളികൾ ബസ് സർവ്വീസ് നടത്തുവാൻ കഴിയാത്ത വിധം ബസിൽ കൊടി കെട്ടി സർവ്വീസ് മുടക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഉടമ, ബസ് തടഞ്ഞിട്ടിരിക്കുന്നതിന് സമീപം ലോട്ടറി വില്പന നടത്തുകയുണ്ടായി.പിന്നീട് ഉടമ ഹൈക്കോടതിയിൽപ്പോയി ബസ് സർവ്വീസ് നടത്തുന്നതിനുള്ള ഉത്തരവ് വാങ്ങി. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും സർവീസ് നടത്തുവാൻ യൂണിയൻ അനുവദിച്ചില്ലയെന്നു പറയുന്നു. ഇതു സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഒന്നിലധികം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.ചെവിക്ക് സാരമായ പരിക്കേറ്റ റാമിനെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം അപലനീയമാണെന്നും
മാധ്യമ സ്വാതത്രത്തിനു നേരേയുള്ള കടന്നാക്രമണമാണ് ഇതെന്നും ഈ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും കെ.ജെ.യു ജില്ലാക്കമ്മറ്റി യോഗം ആവശ്യപെട്ടു.മാധ്യമ പ്രവർത്തകർക്ക് നേരേ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളും കേസുകളും ജനാധിപത്യസംവിധാനത്തിന്റെ അപചയമാണെന്നും അതിനാൽ ഇത്തരം നടപടി ആവർത്തിക്കാതിരിക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.