ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിനിമാപ്രേമികള്‍ക്ക് മികച്ച തിയേറ്റര്‍ വിരുന്നൊരുക്കിയ ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം
ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് “രേഖാചിത്രം”. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം നേടി രണ്ടാം ആഴ്ചയിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് “രേഖാചിത്രം” നിർമ്മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് ‘രേഖാചിത്രം’. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. കേരളത്തിൽ മാത്രമല്ല ചെന്നൈ, ബാംഗ്ലൂർ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.