72 വയസുള്ള രവീന്ദ്രനും 63 കാരി പൊന്നമ്മയും ഇനി ജീവിതയാത്രയിൽ ഒരുമിച്ച്

Kerala

ആലപ്പുഴ: 72 വയസുള്ള രവീന്ദ്രനും 63 കാരി പൊന്നമ്മയും ഇനി ജീവിതയാത്രയിൽ ഒരുമിച്ച്. മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ.കെ. രവീന്ദ്രനും, കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയുമാണ് പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവരുടെയും വിവാഹവീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. രവീന്ദ്രന്റെ മകൻ രാജേഷ് മുൻകൈ എടുത്താണ് വിവാഹം നടത്തിയത്.

രവീന്ദ്രന്റെ മകനും മരുമകളും മകളും സഹോദരിയും അടുത്ത സുഹൃത്തുക്കളും ആ ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു. പൊന്നമ്മയുടെ അടുത്ത ബന്ധുക്കളും കുട്ടുകാരികളും വിവാഹത്തിന് എത്തിയിരുന്നു.

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് രവീന്ദ്രന്റെ ഭാര്യ മരിച്ചത്. തുടർന്ന് അദ്ദേഹം ചെറിയ ബിസിനസുമായി കഴിഞ്ഞുവരുകയായിരുന്നു. പൊന്നമ്മയുടെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ലോട്ടറി കച്ചവടം നടത്തി ജീവിച്ചു വരികയായിരുന്നു പൊന്നമ്മ. ഇതിനിടെ പ്ലമ്പിംഗ് ജോലികൾക്കായി രവീന്ദ്രന്റെ മകൻ രാജേഷ് പൊന്നമ്മയുടെ വീട്ടിലെത്തിയിരുന്നു.

പൊന്നമ്മയുടെ ദുരിത സ്ഥിതി അപ്പോഴാണ് രാജേഷ് മനസ്സിലാക്കിയത്. തുടർന്ന് രാജേഷ് തന്റെപിതാവിനു വേണ്ടി വിവാഹ ആലോചനയുമായി പൊന്നമ്മയെ സമീപിക്കുകയായിരുന്നു. രാജേഷിന്റെ ഭാര്യയും സഹോദരിയുമായി പൊന്നമ്മയുടെ വീട്ടിലെത്തി വിവാഹം ഉറപ്പിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *