ഡല്‍ഹി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎയെ അയോഗ്യനാക്കി.
രാം ദുലർ ഗോണ്ടിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
2014 നവംബറിൽ നടന്ന സംഭവത്തിൽ ഒൻപതു വർഷത്തിന് ശേഷമാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്.
പിഴയായി ഈടാക്കുന്ന 10 ലക്ഷംരൂപ അതിജീവിതയ്ക്ക് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ശിക്ഷാ കാലാവധിക്കുശേഷം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.