മലപ്പുറം: മൂന്നാം സീറ്റ് എന്ന മുസ്ലിം ലീഗിൻ്റെ ആവശ്യത്തിന് പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന മുസ്ലിം ലീഗ്-കോൺഗ്രസ് ഉഭകക്ഷി ചർച്ചയിലെ ധാരണക്കെതിരെ കോൺഗ്രസിലെ ഒരുവിഭാഗത്തിന് എതിർപ്പ്. ലീഗിന് രാജ്യസഭാ സീറ്റ് കൊടുക്കാനുള്ള തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അനാവശ്യമായി ലീഗിന് വിധേയപ്പെടുന്നു എന്നാണ് ഇവരുടെ വിമർശനം.
മുതിർന്ന നേതാക്കൾക്കിടയിൽ തന്നെയാണ് പ്രധാനമായും ഈ വിമർശനം ഉയരുന്നത്. വരുന്ന ജൂലൈ മാസത്തിൽ ഒഴിവുവരുന്ന രാജ്യസീറ്റ് നേരത്തെ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റാണ് ഇപ്പോൾ മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രാജ്യസഭയിൽ കേരളത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും ഓരോ അംഗങ്ങളാണ് ഉള്ളത്.