ചെന്നൈ: തമിഴ്നാട്ടില്‍ രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണറുടെ ആരോപണം തള്ളി ഡിജിപി.ഒന്നില്‍ കൂടുതല്‍ പേരാണ് ബോംബ് എറിഞ്ഞതെന്ന വാദം തെറ്റാണെന്ന് ഡിജിപി പറഞ്ഞു. ഒരാള്‍ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ തുടര്‍ന്ന് പ്രതിയെ ഉടൻ തന്നെ പിടിക്കാൻ സാധിച്ചെന്നും ഡിജിപി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ വൈകിട്ട് അഞ്ചിന് തന്നെ കേസെടുത്തിരുന്നു. എന്നാല്‍ രാജ്ഭവൻ പരാതി നല്‍കിയത് രാത്രി 10:15നാണെന്നും ഡിജിപി പറഞ്ഞു.
ഇന്നലെയാണ് തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞത്. രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്.
മുൻപ് തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാള്‍ ബോംബ് എറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. രാജ്ഭവനെതിരെ ബോംബേറ് സ്പോണ്‍സര്‍ ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.