കടുത്ത വയറുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പരിശോധനകൾക്ക് കൂടി വിധേയനായ ശേഷം രജനികാന്ത് ആശുപത്രി വിട്ടേക്കും. എന്നാൽ ഇത് സംബന്ധിച്ച് രജനികാന്തിൻ്റെ കുടുംബത്തിൽ നിന്നോ ആശുപത്രിയിൽ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
നേരത്തെ 2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.