മഴക്കാലത്ത് വൈബ് അടിക്കാൻ അട്ടപ്പാടിയിലേക്കാണോ പോക്ക്; സൂക്ഷിച്ചു വേണം പോകാൻ

Uncategorized

മണ്ണാർക്കാട് : വെല്ലുവിളിനിറഞ്ഞതാണ് അട്ടപ്പാടി ചുരത്തിലൂടെയുള്ള മഴക്കാല വാഹനയാത്ര. ചുരത്തിന്റെ ചില ഭാഗത്ത് അഗാധമായ താഴ്ചയാണ്. ഇതിൽ ഏഴാംവളവിന് സമീപം റോഡ് ഇടുങ്ങിയതാണ്. ഒരേസമയം ഒരു വലിയ വാഹനത്തിനുമാത്രമേ കടന്നുപോകാൻ സാധിക്കൂ. ചിലയിടങ്ങളിൽ മരങ്ങളുടെ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.

മഴക്കാലത്ത് മണ്ണിടിച്ചിലും മരംവീഴുന്നതും ചുരംയാത്രയ്ക്ക് വെല്ലുവിളിയാണ്. റോഡരികിലുള്ള ഉണങ്ങിയ വലിയ മരങ്ങളാണ് പലപ്പോഴും റോഡിനുകുറുകെ വീഴുന്നത്. ഒമ്പതാംവളവിനടുത്തായി ഇത്തരം മരങ്ങൾ അധികമായുണ്ട്. യാത്രക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ കൊമ്പുകൾ വെട്ടി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മഴസമയങ്ങളിൽ കോടമഞ്ഞിറങ്ങുന്നതും ചുരംറോഡിലെ പതിവുകാഴ്ചയാണ്. ഡ്രൈവർമാർക്ക് റോഡ് വ്യക്തമായി കാണാനാകില്ല. കഴിഞ്ഞദിവസം പത്താംവളവിന് സമീപം കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടത് ആശങ്ക പരത്തിയിരുന്നു. ബ്രേക്ക് നഷ്ടമായ ബസിനെ പാതയോരത്തെ പാറക്കെട്ടിലിടിച്ച് നിർത്തിയാണ് ഡ്രൈവർ രക്ഷകനായത്. ചുരത്തിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്നും കൊക്കകളുള്ള ഭാഗത്ത് സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *