സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെടുക. കൂടാതെ, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല.
തെക്ക് കിഴക്കൻ-തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ന്യൂനമർദ്ദ പാത്തി തെക്ക് ഗുജറാത്ത് തീരം വരെയാണ് സ്ഥിതി ചെയ്യുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, തെക്കൻ ആൻഡമാൻ കടലിന് മുകളിലായി ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടും. ഇത് നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നതാണ്. ഇവ നവംബർ 29 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു