ബെംഗളൂരു: കര്‍ണാടകയിലും കനത്ത മഴ. ഇതേത്തുടർന്ന് ദക്ഷിണ കന്നഡയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി, മംഗളുരു ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മംഗളുരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
അതേസമയം, മുംബൈയിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറൻ മഹാരാഷ്ട്ര, വിദർഭ എന്നിവിടങ്ങളിലും തിങ്കളാഴ്ച്ച പെയ്ത കനത്ത മഴ വ്യാപക നാശ നഷ്ടമാണുണ്ടാക്കിയത്. ശക്തമായ മഴയ്ക്ക് പിന്നാലെ അന്ധേരി സബ് വേ അടച്ചു. മുംബൈയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ വലഞ്ഞിരിക്കുകയാണ് മുബൈയിലെ ജനങ്ങൾ. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ഒഴുകി പോയി. ട്രെയിൻ, വിമാന ഗതാഗതവും താറുമാറായിട്ടുണ്ട്.