യാത്രക്കാർക്ക് ആശ്വാസ വാർത്ത; ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് റെയിൽവേ

Breaking Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെ കൊവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു തുടങ്ങി. യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായിരുന്ന തിരുവനന്തപുരം– മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂർ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചതാണ് ഏറെ ആശ്വാസം. നിലവിൽ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ് ഉള്ളത്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോൾ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകൾ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്.

അതേസമയം, മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഓടുന്ന മാവേലി എക്സ്പ്രസിന്‍റെ തിരൂർ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഇതുകൂടാതെ ഫറോക്കിലും മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. മാവേലിക്ക് പുറമെ നിലമ്പൂർ – കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ ആലുവ സ്റ്റോപ്പും പുനസ്ഥാപിച്ചിട്ടുണ്ട്. രാജ്യറാണിയുടെ ആലുവ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ – യെശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിന്(16527/16528) പരപ്പനങ്ങാടി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. മലപ്പുറം ജില്ലയിലെ ബംഗളൂരു യാത്രക്കാർക്ക് ഈ ട്രെയിൻ പ്രയോജപ്പെടും. തിരുനെൽവേലി – ഗാന്ധിധാം, തിരുനെൽവേലി-ദാദർ എന്നീ ഹംസഫർ എക്സ്പ്രസ് ട്രെയിനുകൾക്ക് ഇനി മുതൽ കാസറഗോഡ് സ്റ്റേഷനിൽ നിർത്തുമെന്നും റെയിൽവേ അറിയിച്ചു. തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിന് ചാലക്കുടി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് കണ്ണൂരിലെ ഏഴിമലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമുവിന് തിരുനാവായയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം-എറണാകുളം എക്സ്പ്രസിന് തൃപ്പുണിത്തുറയിലും മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു. ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസിന് ചേർത്തലയിൽ പുതിയതായി സ്റ്റോപ്പ് ഉണ്ടാകും. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനിൽ ഇനിമുതൽ മധുരൈ-പുനലൂർ എക്സ്പ്രസും ഗുരുവായൂർ-പുനലൂർ എക്സ്പ്രസും നിർത്തും. തിരുനെൽവേലി-പാലക്കാട്-തിരുവനെൽവേലി എക്സ്പ്രസിന് അങ്കമാലിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസ് സൂപ്പർ ഫാസ്റ്റാക്കി മാറ്റാനും റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ച് അന്തപുരി എക്സ്പ്രസിന്‍റെ ട്രെയിൻ നമ്പരിലും സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *