60 കോടി രൂപയുടെ കോഴ ഇടപാടില്‍ ഏഴ് റെയില്‍വേ ഉദ്യോഗസ്ഥർക്കും ഭാരതീയ ഇൻഫ്രാ പ്രോജക്ട്സ് ലിമിറ്റഡ് കമ്പനിക്കുമെതിരെ സി.ബി.ഐ കേസെടുത്തതായി റിപ്പോർട്ട്. 2016-23 കാലയളവില്‍ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ സോണിലെ പദ്ധതികളുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥർക്ക് ഭാരതീയ ഇൻഫ്രാ പ്രൊജക്ട്സ് ലിമിറ്റഡ് 60 കോടിയിലധികം രൂപ കൈക്കൂലി നല്‍കിയെന്ന സി.ബി.ഐയുടെ കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ഡെപൂട്ടി ചീഫ് എൻജിനീയർമാരായ രാംപാല്‍, ജിതേന്ദ്ര ഝാ, ബി.യു. ലാസ്കർ, സീനിയർ സൂപ്രണ്ട് (എൻജിനീയർ) ഹൃതുരാജ് ഗൊഗോയി, ധീരജ് ഭഗവത്, മനോജ് സൈക്കിയ എന്നിവർക്കെതിരെയാണ് കേസെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
രണ്ട് കോടി രൂപയുടെ കൈക്കൂലി കേസില്‍ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ സോണിലെ സീനിയർ സെക്ഷൻ എൻജിനീയർ സന്തോഷ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
60 കോടി രൂപയുടെ കോഴ ഇടപാട്; ഏഴ് റെയില്‍വേ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ കേസ്
