ന്യൂഡല്‍ഹി∙ ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റര്‍) നല്‍കിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.”- രാഹുല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
145 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുല്‍ പങ്കുവച്ചു. ”വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം 145 ദിവസം നടന്നു കൊണ്ട് ചിലവഴിച്ചു. സമുദ്രതീരത്തുനിന്ന് ആരംഭിച്ച യാത്ര വെയിലും മഴയും പൊടിപടലങ്ങളുമേറ്റ് കാടുകളും നഗരങ്ങളും കുന്നുകളും താണ്ടി ഞാൻ ഏറെ സ്നേഹിക്കുന്ന കശ്മീരിലെത്തി.”- രാഹുല്‍ ഗാന്ധി പറഞ്ഞുയാത്രയിലുടനീളം അനുഭവിച്ച യാതനകളും അതില്‍ നിന്നുണ്ടായ പ്രചോദനത്തെ കുറിച്ചും രാഹുല്‍ ഇങ്ങനെ കുറിച്ചു: ”യാത്ര തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ വേദനയും തുടങ്ങി.
ഫിസിയോതെറപ്പി ഒഴിവാക്കിയതോടെ എന്റെ കാല്‍മുട്ടിന്റെ വേദന തിരികെ വന്നു. ഏതാനും ദിവസത്തെ നടത്തത്തിനുശേഷം എന്റെ ഫിസിയോ ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ പങ്കാളിയായി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചെങ്കിലും വേദന പൂര്‍ണമായും കുറഞ്ഞില്ല. പിന്നീടാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. യാത്ര ഉപേക്ഷിക്കാമെന്ന് കരുതുമ്ബോഴെല്ലാം അത് തുടരാനുള്ള ഊര്‍ജം എനിക്ക് എവിടെ നിന്നെങ്കിലും ലഭിക്കും. യാത്ര തുടര്‍ന്നു. കൂടുതല്‍ ആളുകള്‍ ഈ യാത്രയില്‍ പങ്കാളികളാകുന്നതായി ഞാൻ കണ്ടു”- രാഹുല്‍ പറഞ്ഞു