മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ വീട് സന്ദർശിച്ചു രാഹുൽ ഗാന്ധി. നിങ്ങള്‍ക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’ എന്നാണ് അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുല്‍ഗാന്ധി പറഞ്ഞത്.അതേസമയം അജിയുടെ മക്കള്‍ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും എന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേർത്തു. അജിയുടെ അച്ഛൻ ജോസഫ്, അമ്മ എല്‍സി, ഭാര്യ ഷീബ, മകള്‍ അല്‍ന മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുമായും രാഹുല്‍ഗാന്ധി സംസാരിച്ചു.
ഞായറാഴ്ച രാവിലെ 7.35-ഓടെയാണ് രാഹുല്‍ഗാന്ധി അജിയുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55 – ഓടെ ഇറങ്ങി. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുല്‍ഗാന്ധി തയ്യാറായില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്ന് പമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി(47)നെ കാട്ടാന ചവിട്ടിക്കൊന്നത്.