ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ള ‘പനോട്ടി’ (ദുശ്ശകുനം) പരാമര്‍ശത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാജസ്ഥാനിലെ ജലോറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി മോദിയെ ‘പനൗട്ടി’ എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ പ്രവേശനം കഴിഞ്ഞ ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ 2023 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ആണ്‍കുട്ടികള്‍ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകുനം അവരെ തോല്‍പ്പിച്ചു.’- രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ലജ്ജാകരവും അപമാനകരവുമാണെന്നും ഇതിനെതിരെ അദ്ദേഹം മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പരാമര്‍ശം നിരാശയുടെയും മാനസിക അസ്ഥിരതയുടെയും അടയാളമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.