ഗീത് മാല അവതാരകൻ അമീൻ സായനി അന്തരിച്ചു

Breaking National

ന്യൂഡല്‍ഹി: പ്രശസ്ത റേഡിയോ അവതാരകനും റേഡിയോ സിലോണിലെ ബിനാക്ക ഗീത് മാല എന്ന ഒറ്റ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച ശബ്ദത്തിന്റെയും അവതരണശൈലിയുടേയും ഉടമയുമായ അമീൻ സായനി അന്തരിച്ചു.91 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമീൻ സായനിയുടെ അന്ത്യം മകൻ രജില്‍ സായനി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് സംസ്‌കാരം.

1932- ഡിസംബർ 21-ന് മുംബൈയിലായിരുന്നു അമീൻ സായനിയുടെ ജനനം. ആകാശവാണിയില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ബ്രോഡ്കാസ്റ്റർ ആയിട്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഹിന്ദിയിലേക്ക് മാറി. റേഡിയോ സിലോണിലെ ബിനാക്ക ഗീത് മാല എന്ന പരിപാടി പ്രക്ഷേപണം ആരംഭിച്ചതോടെയാണ് അമീൻ സായനി ജനപ്രീതിയാർജിച്ചത്. 1952ലാണ് ഈ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി ആരംഭിച്ചത്. ഇന്ത്യയില്‍ റേഡിയോ കൂടുതല്‍ ജനപ്രിയമാകാനും ഗീത് മാല സഹായിച്ചു. പിന്നീട് ഈ പരിപാടിയ്ക്ക് ഹിറ്റ് പരേഡ് എന്നും സിബാക്ക ഗീത് മാലയെന്നും പേര് മാറ്റിയിരുന്നു.

ആറുപതിറ്റാണ്ട് നീണ്ടുനിന്ന ഔദ്യോഗികജീവിതത്തില്‍ 54,000-ഓളം റേഡിയോ പരിപാടികളാണ് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പുറത്തുവന്നത്. 19,000-ഓളം പരസ്യങ്ങള്‍ക്കും ജിംഗിളുകള്‍ക്കും ശബ്ദം നല്‍കി. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *