തിരുവനന്തപുരം: പാഠപുസ്തകത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കുന്നതിന് എൻസിഇആർടി ശുപാർശ നൽകിയതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു. പേര് മാറ്റം നിഷ്കളങ്കമായ തീരുമാനമല്ലെന്ന് മന്ത്രി പ്രതികരിച്ചു. ഭയത്തോട് കൂടി മാത്രമേ തീരുമാനത്തെ കാണാൻ കഴിയൂ. ഏത് ദിശയിലേക്കാണ് വിദ്യാഭ്യാസ മേഖലയെ കൊണ്ടുപോകുന്നതെന്നും പുതിയ തലമുറ ഏത് ഇന്ത്യയെ ആണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി ആരാഞ്ഞു.
മത നിരപേക്ഷതയുടെ മുകളിലെ മരണ മണികളാണിത്. പിന്നിൽ ഗൂഢവും സംഘടിതവുമായ ചില തീരുമാനങ്ങളാണുള്ളത്. ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ് എൻസിഇആർടിയുടെ നീക്കമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ഭാരതം എന്ന് ഉപയോഗിച്ചാല്‍ മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്. ഇത് സങ്കുചിത രാഷ്ട്രീയമാണ്. എന്‍സിഇ ആര്‍ടിയുടെ ശുപാര്‍ശയെ കേരളം തുടക്കത്തിലെ തളളിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉയര്‍ത്തിപിടിച്ചും യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുക. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.