മരുന്നുകള്‍ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം വരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 മെഡിസിന്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മരുന്നുകളില്‍ ക്യൂആര്‍ കോഡ് ഏര്‍പ്പെടുത്തും. കാൽപോൾ, ഡോളോ, അലേഗ്ര, മെഫ്താൽ സ്പാസ് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകൾ ഇതിലുള്‍പ്പെടുന്നു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഈ കമ്പനികൾ ബാര്‍ കോഡുള്ള മരുന്നുകളുടെ പുതിയ സ്റ്റോക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം, മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഈ സംവിധാനത്തിനായി ആപ്പുകളൊന്നും ഡൗണ്‍ലോഡ് ചെയ്യേണ്ട. മരുന്നുകളില്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരം മരുന്നിന്റെ പാക്കേജിലെ വിവരങ്ങളുമായി ഒത്തുപോകുന്നില്ലെങ്കിൽ ആ മരുന്ന് വ്യാജനാണെന്ന് മനസിലാക്കാം. വ്യാജ മരുന്നുകള്‍ വിപണിയില്‍ കൂടി വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ നടപടി സ്വീകരിക്കുന്നത്.
മരുന്നുകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാൻ ക്യൂആര്‍ കോഡ് സംവിധാനം
