ജയിലറിനു എ സർട്ടിഫിക്കറ്റ് നല്‍കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി

Breaking Entertainment National

ചെന്നൈ: രജനികാന്തിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ജയിലറിനു നല്‍കിയ യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. ചിത്രത്തിന് പ്രായപൂർത്തിയായവരെ മാത്രം കാണാൻ അനുവദിക്കുന്ന എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം എൽ രവി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ജയിലറിന് നിലവില്‍ നല്‍കിയിരിക്കുന്നത് യുഎ സർട്ടിഫിക്കറ്റ് ആണ്.

യുഎ സർട്ടിഫിക്കറ്റ് പ്രകാരം,12 വയസിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ചിത്രം കാണാൻ സാധിക്കും. എന്നാൽ, ചിത്രത്തിൽ അക്രമാസക്തമായ ഭാഗങ്ങൾ ഉണ്ടെന്നും ഇവ കാണുന്നതിൽ നിന്ന് കുട്ടികളെ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് യുഎ സർട്ടിഫിക്കറ്റ് പിൻവലിക്കാൻ സെന്‍സർ ബോർഡിന് നിർദേശം നല്‍കണമെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ റിലീസ് ചെയ്ത ജയിലറിന് അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊലപാതകങ്ങളും കാണിക്കുന്നുണ്ട്.

പ്രധാന കഥാപാത്രം മറ്റുള്ളവരെ തലകീഴായി നിർത്തുന്നതും ചുറ്റികകൊണ്ട് തല അടിച്ച് പൊളിക്കുന്നതും ചെവി അറുക്കുന്നതും ഉള്‍പ്പെടെ പല ഭാഗങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്ത അത്രയും അക്രമം നിറഞ്ഞതാണ്. ഇത്തരത്തിൽ അക്രമങ്ങള്‍ ചിത്രങ്ങൾ നിസാരവൽക്കരിക്കുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ ആണെന്നും ഹർജിക്കാരന്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *