ഇന്ത്യയില്‍ വളരെ ഏറെ ആരാധകരുള്ള വിഡിയോ ഗെയിമായ ‘പബ്ജി’ നിരോധിക്കാനുള്ള കാരണം വ്യക്തമാക്കി കേന്ദ്രം. പബ്ജി നിരോധനം പൗരന്മാരോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചതാണെന്നാണ് കേന്ദ്ര ഐ.ടി, ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. യൂട്യൂബര്‍ രണ്‍വീര്‍ അലഹ്ബാദിയ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പൗരന്മാര്‍ക്കായി ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസ്തവുമായി നിലനിര്‍ത്തല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് മന്ത്രി പറഞ്ഞത്. ‘മാറ്റങ്ങളെയും ലോകത്തെങ്ങുമുള്ള യുവാക്കള്‍ ചെയ്യുന്നതുമെല്ലാം നമുക്ക് ഇഷ്ടമാണ്. എന്നാല്‍, കാര്യങ്ങള്‍ അപകടകരമോ ചീത്തയോ വിശ്വസിക്കാൻ കൊള്ളാത്തതോ അല്ലെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്തവും ഞങ്ങള്‍ക്കുണ്ട്.’-രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
അതേസമയം ചില കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നല്ലതല്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്തുകൊണ്ടത് നല്ലതല്ലെന്നതിനും സുതാര്യമായൊരു മാനദണ്ഡം സര്‍ക്കാര്‍ നിശ്ചയിക്കും. 120 കോടി ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഗെയിമിന്റെ നിരോധനം പിൻവലിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു. അതിനാല്‍, ബാറ്റില്‍ഗ്രൗണ്ട് ഗെയിമിന്റെ ഫോര്‍മാറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം സന്തോഷത്തിലാണ്. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ഇന്ത്യൻ നിര്‍മിത ഗെയിമുകള്‍ക്ക് പ്രോത്സാഹനം നല്‍കും. ഇന്ത്യൻ കഥകളും പശ്ചാത്തലവും ആധാരമായുള്ള ഗെയിമുകള്‍ വരണമെന്ന നിലപാടാണ് തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ളതെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.