ബംഗ്ലാ കവിത വികൃതമാക്കിയെന്നാരോപിച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാനെതിരെ പ്രതിഷേധം. ‘പിപ്പ’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ബംഗ്ലാ കവി നസ്റൂള്‍ ഇസ്ലാമിന്‍റെ കവിതയാണ്. ഈ കവിതയെ വികൃതമാക്കിയെന്നാണ് കവിയുടെ കുടുംബത്തിന്റെ ആരോപണം.
ബംഗ്ലാദേശിന്‍റെ ദേശീയ കവി എന്നാണ് നസ്റൂള്‍ ഇസ്ലാം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ‘കരാർ ഓയ് ലൗഹോ കോപത്…” എന്ന കവിതയാണ് എആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തില്‍ നസ്റൂള്‍ ഇസ്ലാമിന്റെ കവിതകൾ ഏറെ ഉപയോഗിച്ചിരുന്നതുകൊണ്ടാണ് സിനിമയിലും എ ആർ റഹ്മാൻ ഇതേ കവിത റീമേക്ക് ചെയ്തത്. എന്നാല്‍ ഇത് എആർആറിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
കവിതയുടെ താളത്തിലും ഈണത്തിലും മാറ്റം വരുത്തി, പുതിയ ആലാപന രീതി ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്, സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് കവിയുടെ അമ്മ സമ്മതിച്ചുവെങ്കിലും ട്യൂണിൽ മാറ്റം വരുത്താൻ സമ്മതിച്ചിരുന്നില്ല, ഈ ഗാനം അനീതിയാണ് എന്നെല്ലാമാണ് കവിയുടെ ചെറുമകനായ ഖാസി അനിർബൻ ആരോപിച്ചത്.
നസ്റൂള്‍ ഇസ്ലാമിന്‍റെ ചെറുമകൾ അനിന്ദിത ഖാസിയും മാറ്റങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് പാട്ട് നീക്കം ചെയ്യണമെന്നാണ് ഇവരും ആവശ്യപ്പെട്ടിരിക്കുന്നത്. കവിയുടെ മറ്റൊരു കൊച്ചുമകളായ ബംഗ്ലാദേശി ഗായിക ഖിൽഖിൽ ഖാസിയും നവംബർ 12 ന് കൊൽക്കത്ത സന്ദർശന വേളയിൽ മാറ്റങ്ങൾക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. നവംബര്‍ 10നാണ് ഇഷാന്‍ ഖട്ടറും, മൃണാള്‍ ഠാക്കൂറും പ്രധാന വേഷത്തില്‍ എത്തിയ ‘പിപ്പ’ റിലീസ് ചെയ്തത്. ഒടിടി റിലീസായാണ് ചിത്രമെത്തിയത്.