ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്‍റെ നിയമനം യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് നടന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയെ അറിയിച്ചു.നിയമനം ചട്ടവിരുദ്ധമല്ലെന്നും യുജിസി നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ പാലിച്ചാണെന്നും സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്‌മൂലത്തില്‍ പറയുന്നു.
നേരത്തേ പ്രിയ വര്‍ഗീസിന് അനുകൂലമായി ഹൈക്കേടതി വിധി വന്നിരുന്നു. ഇതിനെതിരേ യുജിസി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാല നിലപാട് അറിയിച്ചത്. യുജിസിയുടെ ചട്ടങ്ങള്‍ മാറിവരുന്നതനുസരിച്ച് മുൻകാല പ്രാബല്യം നല്‍കാനാവില്ലെന്നാണ് സര്‍വകലാശാലയുടെ വാദം.
അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയിലേയ്ക്ക് യുജിസി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങല്‍ പാലിച്ചാണ് നിയമനം നടന്നിട്ടുള്ളത്. സ്റ്റുഡന്‍റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവ് യോഗ്യതയായി പരിഗണിക്കാം. എഫ്ഡിപി പ്രകാരമുള്ള അധ്യാപന കാലയളവും യോഗ്യതയാണ്. തിങ്കളാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുക.