തിരുവനന്തപുരം: സ്വകാര്യ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ബാങ്ക് മാനേജരുള്‍പ്പെടുന്ന സംഘം പലപ്പോഴായി കൈക്കലാക്കി മറിച്ചുവിറ്റു.സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവൻ സ്വര്‍ണം പലതവണയായി തിരിമറി നടത്തിയ സംഭവത്തില്‍ മാനേജര്‍ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജര്‍ എച്ച്. രമേശ്, സുഹൃത്ത് ആര്‍.വര്‍ഗീസ്, സ്വര്‍ണ വ്യാപാരി എം.എസ് കിഷോര്‍ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേര്‍ ബാങ്കില്‍ പണയം വച്ച 215 പവൻ സ്വര്‍ണം പലപ്പോഴായി പ്രതികള്‍ കൈക്കലാക്കി. വായ്പ തിരിച്ചടച്ച് സ്വര്‍ണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 27-ന് നടത്തിയ ഓഡിറ്റിങ്ങില്‍ 215 പവൻ സ്വര്‍ണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണല്‍ മാനേജര്‍ മണ്ണന്തല പൊലീസില്‍ പരാതി നല്‍കി. പ്രതിയായ രമേശ് അപ്പോഴേക്കും ട്രാൻഫര്‍ നേടി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. ബാങ്കിന്റെ ഓഡിറ്റിങിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
റീജണല്‍ മാനേജരിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. അൻപത് ലക്ഷം രൂപയുടെ കടം പ്രതികള്‍ക്കുണ്ടായിരുന്നു. കടബാധ്യത തീര്‍ക്കാനായിരുന്നു മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് മൊഴി.
ബാങ്കില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍പന നടത്താൻ രമേശിനെ സഹായിച്ചത് സുഹൃത്ത് വര്‍ഗീസും സ്വര്‍ണ വ്യാപാരി കിഷോറുമാണ്. പകുതിയിലേറെ സ്വര്‍ണം പ്രതികള്‍ പലയിടത്തായി വിറ്റതായാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ ശാസ്ത്രീയ തെളിവുശേഖരണമടക്കം കടമ്ബകള്‍ ഇനിയുമേറെ കടക്കാനുണ്ട്. ഇതിനൊപ്പം മോഷ്ടിച്ച സ്വര്‍ണം കണ്ടെത്തേണ്ടതുമുണ്ട്.