തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയില്‍ പ്രസവ ചികിത്സയ്‌ക്കെത്തിയ യുവതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി.മരിയ നിലയം ആശുപത്രിക്കെതിരെയാണ് ആരോപണം.ആശുപത്രിയില്‍ ഐ.സി.യുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.
ശസ്ത്രക്രിയക്ക് ശേഷം യുവതിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.മറ്റൊരു ആശുപത്രിയിലേക്ക് മറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ ഐ സി യു, വേണ്ടിലേറ്റര്‍ സൗകര്യങ്ങള്‍ ഉണ്ട്. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉള്ള ആംബുലന്‍സ് ഇല്ലായിരുന്നു.
അതുകൊണ്ട് മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് യുവതിയെ നിംസ് ആശുപത്രിയിലേക്ക് വിട്ടതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവതി മരിച്ചിരുന്നുവെന്ന് നിംസ് പി ആര്‍ ഓ പ്രതികരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.