തൃശ്ശൂർ: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കാണ് സ്ഥാനം. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണു നമസ്കാര മണ്ഡപത്തിൽ വച്ചു വെള്ളിക്കുടത്തിൽനിന്നു ശ്രീനാഥ് നമ്പൂതിരിയുടെ പേര് നറുക്കെടുത്തത്.
ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. മേൽശാന്തി തിരഞ്ഞെടുപ്പിൽ പി സി ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 പേർ യോഗ്യത നേടി ഹാജരായി. ഇവരിൽനിന്നു യോഗ്യത നേടിയ 40 പേരിൽ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്.