നാടിനെ ഞെട്ടിച്ച പോട്ട ബാങ്ക് കവര്‍ച്ചാ കേസിൽ പ്രതി പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് തൃശൂര്‍ റൂറല്‍ പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.
മോഷണം കടം വീട്ടാനായിരുന്നു എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പോട്ടയ്ക്കടുത്ത് ആശാരിക്കാട് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യമാണ് നിര്‍ണായകമായത്. പ്രതി നാട്ടുകാരന്‍ തന്നെയെന്ന് ഇന്നലെ രാത്രി പൊലീസ് സ്ഥീരീകരിച്ചിരുന്നു. വീട്ടില്‍ നിന്നാണ് റിജോയെ കസ്റ്റഡിയില്‍ എടുത്തത്.
ബാങ്കില്‍ നേരത്തെ വന്നിട്ടുണ്ട് എന്ന് പ്രതി മൊഴി നൽകി. ആഡംബര ജീവിതം നയിക്കുന്നയാള്‍ ആണ് പ്രതി. ഭാര്യ വിദേശത്ത് നഴ്‌സ് ആണ്. ഭാര്യ അയച്ചുകൊടുക്കുന്ന പണം ധൂര്‍ത്തടിക്കുന്നതാണ് ഇയാളുടെ പതിവ്. ഭാര്യ നാട്ടില്‍ വരാനിരിക്കെ പണം ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു മോഷണ ലക്ഷ്യം. പിടിച്ചെടുത്ത പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.
സ്വന്തം ബൈക്കാണ് മോഷണത്തിന് ഉപയോഗിച്ചത്. എന്നാൽ, വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വേഷം മാറി മാറിയാണ് പ്രതി നടന്നിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്.