കടുത്തുരുത്തി : വൻപാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന ഞീഴൂർ പഞ്ചായത്തിലെ പൂവക്കോടിലെ വെള്ളാമ്പാറ മലയിടിച്ച് മണ്ണെടുക്കുന്നതിൽ സി പി എമ്മിൻ്റെയും മണ്ണ് മാഫിയ സംഘത്തിൻ്റെയും അവിശുദ്ധ കൂട്ട് കെട്ട് മറനീക്കി പുറത്താകുന്നു. മണ്ണെടുപ്പ് സ്ഥലത്ത് സി പി എം പ്രവർത്തകർ കുത്തിയ കൊടി ഇന്നലെ അവർ എടുത്തുമാറ്റി സി പി എമ്മും മണ്ണുമാഫിയായും ചേർന്ന് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സി പി എം നേതാക്കൾ മണ്ണെടുപ്പ് തടയാൻ എത്തിയതെന്ന ആരോപണം വ്യാപകമാവുകയാണ്. അവസാന നിമിഷം പ്രതിഷേധവുമായെത്തി മണ്ണെടുപ്പ് തടഞ്ഞ സി പി എം നേതാക്കൾക്കും സമരരംഗത്ത് തുടക്കം മുതൽ ഉണ്ടായിരുന്ന ബിജെപി നേതാവ് പി സി രാജേഷിനും കോടതിയിൽ നിന്നും നോട്ടീസ് കിട്ടിയിരുന്നു. മണ്ണെടുപ്പ് തടസപ്പെടുത്തിയാൽ കോടതി അലക്ഷ്യത്തിന് ക്രിമിനൽ കേസെടുക്കുമെന്നും ടി വിഷയത്തിൽ പരാതിയുണ്ടെങ്കിൽ നവംബർ 28 ന് കോടതിയെ ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.എന്നാൽ സി പി എം നേതാക്കൾ കോടതിയിൽ വക്കാലത്ത് നൽകാതെ മണ്ണ് മാഫിയക്ക് ഒത്താശ ചെതുകൊടുക്കുവാനുള്ള നീക്കമായിരുന്നു.എന്നാൽ ബി ജെ പി നേതാവ് പി.സി .രാജേഷ് ഹൈക്കോടതിയിൽ വക്കാലത്ത് കൊടുത്തു എന്നറിഞ്ഞ് സി പി എം നേതാക്കൾ വക്കീൽ മുഖാന്തിരം ഓൺലൈനിൽ വക്കാലത്ത് നൽകുകയാണുണ്ടായത്. എന്നാൽ ഇവർ കോടതിയെ സമീപിച്ചത് മണ്ണ് മാഫിയക്ക് അനുകൂലമായ വിധിയുണ്ടാകുന്നതിന് വേണ്ടിയാണെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. പരിസ്ഥിതി പ്രവർത്തകനും ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ പി.സി.രാജേഷ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മണ്ണെടുപ്പ് കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. മണ്ണെടുപ്പിനെതിരെ സമരവുമായി വന്ന് കൊടികുത്തിയ ശേഷം മണ്ണ് മാഫിയയുമായി ഒത്തുതീർപ്പ് നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് സി പി എം മണ്ണെടുപ്പ് സ്ഥലത്തു നിന്നും കൊടി ഊരിമാറ്റിയ തെന്ന് നാട്ടുകാർ ആരോപിക്കുന്നു.