കൊച്ചി: പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ പരാതി നൽകി നടൻ സിദ്ദീഖ്. പൊലീസ് തൻ്റെ പിന്നാലെ യാത്ര ചെയ്ത് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നെന്നാണ് പരാതി. താൻ അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസാണെന്നും പരാതിയിൽ പറയുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പൊലീസും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും സിദ്ദീഖ് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ബലാത്സംഗ കേസിൽ സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിലപാട്. ഡിജിറ്റൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നില്ലെന്നും ബാങ്ക് രേഖകൾ മാത്രമാണ് നൽകിയതെന്നും അന്വേഷണ സംഘം പറഞ്ഞു. കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദീഖ് വ്യക്തമാക്കിയത്.