മണ്ണാർക്കാട് : മണ്ണാർക്കാട്ടുനിന്ന് മണ്ണുമാന്തി യന്ത്രം കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റു ചെയ്തു. കള്ളകുറുശ്ശി തിമ്മാപുരം ചിന്നസേലം സ്വദേശി പെരിയസ്വാമി (34), സേലം ഓമല്ലൂർ തേക്കുംപട്ടി സ്വദേശി കാർത്തിക് (33) എന്നിവരാണ് അറസ്റ്റിലായത്.
മണ്ണാർക്കാട് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം വാളയാർ ടോൾ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ മുന്നിൽ പോയിരുന്ന, കേരള രജിസ്‌ട്രേഷനുള്ള കാറിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഈ കാർ മലപ്പുറം സ്വദേശിയിൽനിന്ന് ഇവർ വാടകയ്ക്കെടുത്തതായിരുന്നു. ഇയാളിൽനിന്ന് ഇവരുടെ പേരുവിവരങ്ങളടങ്ങിയ രേഖകൾ ലഭിച്ചതോടെയാണ് അന്വേഷണം വേഗത്തിലായത്. തുടർന്ന് തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെ തേനിയിൽനിന്ന് മണ്ണുമാന്തിയന്ത്രം കണ്ടെത്തി. പിന്നീട് രണ്ടുപേരെയും അറസ്റ്റു ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതിനാണ് വിയ്യക്കുറിശ്ശിയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന മണ്ണുമാന്തിയന്ത്രം കാണാതായത്. ഇതു സംബന്ധിച്ച് ഉടമ നരിയംകോട് സ്വദേശി അബു മണ്ണാർക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സാമ്പത്തികബാധ്യത തീർക്കാനാണ് വാഹനം മോഷ്ടിച്ചതെന്നും തമിഴ്‌നാട്ടിൽ വിൽക്കാനായി ഒരാളോട് കച്ചവടം ഉറപ്പിച്ചിരുന്നതായും പ്രതികൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മണ്ണാർക്കാട് എസ്.ഐ. വി. വിവേക്, എ.എസ്.ഐ. ശ്യാം കുമാർ, സി.പി.ഒ.മാരായ സാജിൻ, വിനോദ് വി. നായർ, രാജീവ്, റംഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.