സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി: വീണ്ടും ആശുപത്രി ജീവനക്കാർക്കുനേരെ ആക്രമണം

Breaking Kerala

കൊച്ചി: ആശുപത്രികളിൽ ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയെ മർദ്ദിക്കുന്നത് തടഞ്ഞ നഴ്‌സിംഗ് ഒഫീസർക്കും നഴ്‌സിംഗ് അസിസ്റ്റന്റിനും നേരെ ക്രൂര മർദ്ദനം. പ്രതികളായ യുവതിയെയും ആൺ സുഹൃത്തിനെയും ആശപത്രി ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചു .തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകീട്ട് 5.30നായിരുന്നു സംഭവം. ആക്രമണം നടന്ന കാഷ്വാലിറ്റിയിൽ ഈ സമയത്ത് നിരവധി രോഗികളും ഉണ്ടായിരുന്നു. നഴ്‌സിങ് ഒഫീസർ മേരാ ഗാന്ധി രാജ് പഴനി നഴ്‌സിംഗ് അസിസ്റ്റന്റ് റെജി മോൾ എന്നിവർക്കാണ് മർദ്ദനമേറ്റത്. കാഷ്വാലിറ്റിയിൽ ഡോക്ടറെ കാണുവാൻ എത്തിയ പ്രഭു എന്ന യുവാവിനെ പ്രതികളായ യുവതിയും യുവാവും ചേർന്ന് വെള്ളം കുടിക്കുന്ന സ്റ്റിൽ ഗ്ളാസ് ഉപയോഗിച്ച് മുഖത്ത് ആക്രമിക്കുന്നത് കണ്ട പഴനിയും റെജിമോളും ചേർന്ന് തടയുവാൻ ശ്രമിച്ചു. അപ്പോഴാണ് ഇരുവരും ജീവനക്കാർക്ക് നേരെ തിരിഞ്ഞത്. യുവാവും യുവതിയും ലഹരി ഉപയോഗിച്ചിരുന്നത് പോലെ തോന്നിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. സംഭവം കണ്ട് മറ്റു ജീവനക്കാരും ഓടിയെത്തി പ്രതികളെ വാതിൽ അടച്ച് തടഞ്ഞുവച്ചു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. കാഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തിരുന്ന പ്രഭു എന്ന യുവാവ് ഈ സമയം ഓടിരക്ഷപ്പെട്ടു. യുവാവും യുവതിയും പ്രഭുവും തമ്മിൽ നേരത്തെ തർക്കം ഉണ്ടായ ശേഷമാണ് മൂവരും ആശുപത്രീയിലെത്തിയതെന്ന് സൂചനയുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പൊലീസ് എയ്ഡ് പോസ്റ്റ് ആശുപത്രിയിൽ ആരംഭിക്കണമെന്ന് ജീവനാക്കാരുടെ സംഘടന ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *