കൊല്ലം: മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവർക്കും പിണറായി വിജയന്റെ അതേ അഹന്ത തന്നെയാണെന്ന് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ്. ആ അഹങ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ദത്തന്റെ മാധ്യമങ്ങളോടുള്ള പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം കിട്ടിയതിന്റെ അഹന്ത ഏഴു വർഷക്കാലമായി കേരള ജനത അനുഭവിക്കുകയാണ്. തുടർഭരണം ജനങ്ങളെ വിഡ്ഢികളാക്കുവാനുള്ള അവസരമായാണ് പിണറായിയും കൂട്ടരും കാണുന്നത്. ഏകാധിപത്യവും സ്വജനപക്ഷപാതവും അഴിമതിയും മാത്രം നടപ്പാക്കുന്ന ഒരു ഭരണകൂടത്തിനെതിരെ കടുത്ത ജനരോഷം ഉണ്ട്. അതിന്റെ അസ്വസ്ഥതയാണ് മുഖ്യമന്ത്രിക്കും ഒപ്പമുള്ളവർക്കും ഉള്ളത്. എത്ര അസ്വസ്ഥത ഉണ്ടായാലും ജനങ്ങളും ജനകീയ പ്രക്ഷോഭങ്ങളും സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.