തിരുവനന്തപുരം: മന്ത്രിസഭാ പുഃനസംഘടന നവകേരള സദസിന് ശേഷം മാത്രം മതിയെന്ന് ധാരണ. മണ്ഡല സദസുകള്‍ നടക്കുന്നതിനിടെ മന്ത്രിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിക്കും ഇതേ നിലപാടാണുള്ളത്.
ഇതോടെ ഡിസംബര്‍ 24ന് ശേഷമേ മന്ത്രിസഭ പുഃനസംഘടനയുണ്ടാകാന്‍ സാധ്യതയുള്ളൂ. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്തയാഴ്ച ചേരുന്ന ഇടത് മുന്നണി യോഗത്തിലുണ്ടാവും.
2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സെന്ന പേരില്‍ മണ്ഡല സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പര്യടനം ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.