തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയാൻ മാധ്യമങ്ങൾക്ക് മുന്നിൽ വാർത്താസമ്മേളനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിച്ചു തുടങ്ങി അൽപസമയത്തിനകം തന്നെ മൈക്ക് പണിമുടക്കി. എന്നാൽ സംയമനത്തോടെ മൈക്കിന് മുന്നിൽ തുടർന്ന മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകാൻ ഒരു വർത്തയായല്ലോ എന്ന് പറഞ്ഞ് ചിരിച്ചു. ശേഷം മൈക്ക് ഓപ്പറേറ്റർ മൈക്ക് ശരിയാക്കിയതിന് ശേഷം വാർത്താ സമ്മേളനം തുടരുകയും ചെയ്തു.
ഏപ്രിൽ 7 ന് പത്തനംതിട്ടയിൽ നടന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും ഇത്തരത്തിൽ മൈക്ക് പണി നൽകിയിരുന്നു. പത്തനംതിട്ട അടൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കണക്ഷനിലെ തകരാര്‍ മൂലം ശബ്ദ തടസ്സം ഉണ്ടായത്. പത്തനംതിട്ട അടൂരില്‍ സ്വകാര്യ ഹോട്ടലിലെ ഹാളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം നടന്നത്. മുഖ്യമന്ത്രി വരുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളില്‍ വിശദമായ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ശബ്ദം സംവിധാനവും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ സൗണ്ട് ബോക്‌സില്‍ നിന്നും തകരാര്‍ നേരിട്ടു തുടങ്ങി.
ഏപ്രിൽ 5 ന് കോട്ടയത്ത് നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് പര്യടനത്തിലും മൈക്ക് മുഖ്യമന്ത്രിക്ക് പണികൊടുത്തിരുന്നു. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു വീഴുകയിരുന്നു. ശേഷം മൈക്ക് നേരെയാക്കി സംസാരിച്ചു തുടങ്ങിയപ്പോൾ ഷോർട് സർക്യൂട്ട് സംഭവിച്ച് ആംപ്ലിഫയറിൽ നിന്ന് തീയും പുകയും ഉയർന്നു. ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എല്ലാം തടസ്സമാണല്ലോ എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.