പാലക്കാട്: അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി. കാസര്‍കോട്ടെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച ശേഷം ഉപഹാര സമര്‍പ്പണത്തിനായി ക്ഷണിച്ച അനൗണ്‍സറെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി ഗൗരവമുള്ളതും പ്രതിഷേധാര്‍ഹവുമാണെന്ന് കെഎസ്എയു യോഗം വിലയിരുത്തി.
അനൗണ്‍സ്‌മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കാസര്‍ഗോട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി തൊഴിലാളി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതയാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടായത്. എന്നും പൊതുസമൂഹത്തിന്റെ ചോദ്യങ്ങളെ ഭയപ്പെടുകയും മകളുടെ മാസപ്പടി വിഷയത്തിലടക്കം മൗനം പാലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദങ്ങള്‍ പോലും അലോസരമുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ് കാസര്‍കോട്ടെ സംഭവമെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.